ഉപയോക്താക്കളിൽ നിന്ന് പണം ഈടാക്കാൻ സ്‌നാപ്‌ചാറ്റ്


4, October, 2025
Updated on 4, October, 2025 44


സൗഹൃദ നിമിഷങ്ങളും അപ്രത്യക്ഷമാകുന്ന ചിത്രങ്ങളുമായി ജനപ്രിയമായ സ്‌നാപ്‌ചാറ്റ് തങ്ങളുടെ പ്രധാന ഫീച്ചറുകളിലൊന്നായ ‘മെമ്മറീസ്’ -ൻ്റെ സ്റ്റോറേജിന് പണം ഈടാക്കാൻ ഒരുങ്ങുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ മാറ്റമാണിത്. ഒരു പതിറ്റാണ്ടിലേറെയായി സൗജന്യമായിരുന്ന ഓർമ്മകൾ സൂക്ഷിക്കാനുള്ള സൗകര്യത്തിനാണ് ഇപ്പോൾ പരിധി വരുന്നത്. സ്‌നാപ്‌ചാറ്റ് 2016-ൽ അവതരിപ്പിച്ച മെമ്മറീസ് ഫീച്ചർ വഴി ഉപയോക്താക്കളെ, മുൻപ് അയച്ച സ്‌നാപ്പുകളുടെ ഉള്ളടക്കം സേവ് ചെയ്യാനും ആപ്പിൽ തന്നെ സൂക്ഷിക്കാനും അനുവദിച്ചിരുന്നു. എന്നാൽ, അഞ്ച് ജിഗാബൈറ്റിൽ അധികം മെമ്മറീസ് ഉള്ളവർക്ക് ഈ സേവനം തുടർന്ന് ലഭ്യമാകണമെങ്കിൽ ഇനി പണം നൽകേണ്ടിവരുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഈ സ്റ്റോറേജ് പ്ലാനുകൾക്ക് ഉപയോക്താക്കൾ എത്ര രൂപയാണ് നൽകേണ്ടിവരിക എന്ന് ആപ്പിന്‍റെ മാതൃകമ്പനിയായ സ്നാപ് വ്യക്തമാക്കിയില്ലെങ്കിലും ആഗോളതലത്തില്‍ ഇത് ഘട്ടംഘട്ടമായാണ് നടപ്പാക്കുകയെന്ന് കമ്പനി വിശദീകരിച്ചു.




എന്നാൽ ഇനി മുതൽ 5 ജിബിയിൽ കൂടുതൽ ഫോട്ടോകളും വീഡിയോകളും സേവ് ചെയ്ത യൂസേഴ്സ് തുടർന്നും ഇത് നിലനിർത്താൻ പണമടയ്ക്കണം. ആർക്കൈവുകൾ ആവശ്യമുള്ള യൂസേഴ്സിന് സ്നാപ്ചാറ്റ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷനുകൾ ഉൾപ്പെടെയുള്ള പണമടച്ചുള്ള സ്റ്റോറേജ് പ്ലാനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം. ഇനിഷ്യൽ 100GB സ്റ്റോറേജ് പ്ലാനിന് പ്രതിമാസം 1.99 ഡോളറും, 250GB യുടെ സ്നാപ്ചാറ്റ്+ സബ്‌സ്‌ക്രിപ്‌ഷന് 3.99 ഡോളറും നൽകേണ്ടിവന്നേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്ലാനുകളോ നിരക്കുകളോ കമ്പനി വ്യക്തമാക്കിയിട്ടില്ല. 5GB പരിധി കവിയുന്ന യൂസേഴ്സിന് സംരക്ഷിച്ച ഉള്ളടക്കം ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷനും 12 മാസത്തെ താത്കാലിക സ്റ്റോറേജും ഉണ്ടായിരിക്കുമെന്ന് മാതൃകമ്പനിയായ സ്നാപ്പ് ഉറപ്പുനൽകുന്നുണ്ട്. എങ്കിലും നിരക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്.


സോഷ്യൽ മീഡിയയിൽ കോണ്ടന്റുകൾ സേവ് ചെയ്ത് സൂക്ഷിക്കുന്നതിന് പണമീടാക്കുന്നത് ഭാവിയിൽ ഒരു സാധാരണ രീതിയായി മാറിയേക്കാമെന്ന് വ്യവസായ വിദഗ്ധരുടെ അഭിപ്രായം. സ്നാപ്ചാറ്റിന് നിലവിൽ 900 ദശലക്ഷത്തിലധികം പ്രതിമാസ സജീവ ഉപയോക്താക്കളുണ്ട്. ഭൂരിഭാഗം ഉപയോക്താക്കളെയും പുതിയ സ്റ്റോറേജ് ചാർജുകൾ ഉടനടി ബാധിക്കില്ലെന്നാണ് കമ്പനി പറയുന്നത്.




Feedback and suggestions